1975 ജൂലായ് നാലിന്
കൊറേഷ് ഇസ്സരിയ – ഫ്ളോറൻസ് ദമ്പതികളുടെ ആറ് മക്കളിൽ ഒരുവനായി അമേരിക്കയിലെ ചിക്കാഗോയിലുള്ള ഇല്ലിനോയ്സിൽ അദ്ദേഹം ജനിച്ചു.
1975 നവംബർ ഇരുപത്തിരണ്ടാം തിയതി ചിക്കാഗോയിലുള്ള മാർ ഗീവർഗ്ഗീസ് സഹ്ദ ദൈവാലയത്തിൽ വച്ച് മാമ്മോദീഥാ സ്വീകരിച്ചു.
ഡേവിഡ് റോയൽ എന്നാണ് യഥാർത്ഥ നാമധേയം.
അദ്ദേഹത്തിന് നാല് സഹോദരന്മാരും, ഒരു സഹോദരിയുമാണുള്ളത്.
അസ്സീരിയക്കാരായ അമേരിക്കയിൽ ജനിച്ചവരിൽ ആദ്യ തലമുറയിൽപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം.
പിതാവ് കൊറോഷ് ഇസ്സരിയ്യ 2012 ആഗസ്റ്റ് പതിമൂന്നിന് റോമിൽ വച്ച് നിര്യാതനായി.
1991 ഒക്ടോബറിൽ പൗരോഹിത്യത്തിലെ കാറോയാ,
ഹീവ് പദ്യക്ന എന്നീ പദവികളിൽ പതിനാറാമത്തെ വയസ്സിൽ കൈവെപ്പ് ശുശ്രൂഷ സ്വീകരിച്ചു.
1992 ജനുവരി പത്തൊൻപതിന് ചിക്കാഗോയിലുള്ള മാർ ഗീവർഗ്ഗീസ് സഹ്ദ ദൈവാലയത്തിൽ വച്ച് മാറൻ മാർ ദിൻഹാ നാലാമൻ പാതൃയർക്കീസ് ബാവ തിരുമനസ്സിൽ നിന്നും ശമ്മാശനായി കൈവെപ്പ് സ്വീകരിച്ചു.
1997ൽ ചിക്കാഗോയിലെ ലയോള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി.
1999 ൽ വിശുദ്ധ ദൈവശാസ്ത്രത്തിൽ സെന്റ് മേരി ഓഫ് ദ ലെയ്ക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദവും സമ്പാദിച്ചു.
1999 മെയ് 23 ന് ചിക്കാഗോയിലുള്ള മാർ ഗീവർഗ്ഗീസ് സഹ്ദ ദൈവാലയത്തിൽ വച്ച് മാറൻ മാർ ദിൻഹാ നാലാമൻ പാതൃയർക്കീസ് ബാവ തിരുമനസ്സിൽ നിന്നും കശ്ശീശ പദവിയിൽ കൈവെപ്പ് സ്വീകരിച്ചു.
വന്ദ്യ. ശ്രീ ഡേവിഡ് റോയൽ കശ്ശീശ വിശുദ്ധ ദൈവശാസ്ത്രത്തിൽ സമ്പാദിച്ച ബിരുദാനന്തരബിരുദത്തിനു പുറമെ അതേ വിഷയത്തിൽ തന്നെ റോമിലെ പൊന്തിഫിക്കൽ ഓറിയന്റെൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.
2007 ജൂലൈ പതിനഞ്ചാം തിയതി കാലിഫോർണിയായിലുള്ള സാൻജോസിലെ മാർ യോസിഫ് ഹനാനീശോ ദൈവാലയത്തിൽ വച്ച് കോറപ്പിസ്കോപ്പ പട്ടം പരിശുദ്ധ പാതൃയർക്കീസിൽ നിന്നും സ്വീകരിച്ചു.
2008 നവംമ്പർ ഇരുപത്തിമൂന്നാം തിയതി കാലിഫോർണിയായിലുള്ള സാൻജോസിലെ മാർ യോസിഫ് ഹനാനീശോ ദൈവാലയത്തിൽ വച്ച് അർക്കിദ് യാക്കോൻ പട്ടം പരിശുദ്ധ പാതൃയർക്കീസിൽ നിന്നും സ്വീകരിച്ചു.
2008 നവംമ്പർ 30-ാം തിയതി കാലിഫോർണിയായിലെ മൊഡെസ്റ്റോവിലുള്ള മാർ സയ്യ ദൈവാലയത്തിൽ വച്ച്
വന്ദ്യ. ശ്രീ. ഡേവിഡ് റോയൽ അർക്കിദ്യാക്കോനെ അപ്പിസ്കോപ്പയായി അഭിഷിക്തനാക്കി.
മാർ ആവ്വ റോയൽ എന്ന് നാമകരണവും ചെയ്തു.
കാലിഫോർണിയയുടെ അപ്പിസ്കോപ്പയായി ചുമതലപ്പെടുത്തുകയും ചെയ്തു.
ആവ്വ എന്ന പദത്തിന് പിതാവ് എന്ന് അർത്ഥം കല്പിക്കപ്പെടുന്നു.
അസ്സീരിയൻ പാരമ്പര്യത്തിലുള്ള മാതാപിതാക്കളിൽ അമേരിക്കയിൽ ജനിച്ച് തിരുസഭയുടെ അപ്പിസ്കോപ്പയാകുന്ന പ്രഥമ വ്യക്തിത്വം കൂടിയാണ് അഭിവന്ദ്യ മാർ ആവ്വ റോയൽ അപ്പിസ്കോപ്പ.
മാറൻ മാർ ദിൻഹാ നാലാമൻ പാതൃയർക്കീസ് ബാവ തിരുമനസ്സ് ഇദ്ദേഹത്തെ ആഗോള പൗരസ്ത്യസഭയുടെ പരിശുദ്ധ സുൻഹാദോസിന്റെ സെക്രട്ടറിയായും ചുമതലപ്പെടുത്തി.
ആ ചുമതലയിൽ അദ്ദേഹം മാറൻ മാർ ഗീവർഗ്ഗീസ് സ്ളിവ തിരുമനസിന്റെ പരിശുദ്ധ സിംഹാസനത്തിൽ കീഴിൽ നിലവിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.
എന്നാൽ മാറൻ മാർ ഗീവർഗ്ഗീസ് സ്ളിവ തിരുമനസിന്റെ സ്ഥാനത്യാഗം പുതിയ പാതൃയർക്കീസിനെ വാഴിക്കുന്നതിലേക്ക് വഴിതെളിച്ചു.
എർബ്ബിലിൽ മാർ മിലീസ് സയ്യ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ നടന്നുകൊണ്ടിരിക്കുന്ന പരിശുദ്ധ സുൻഹാദോസ് കാലിഫോർണിയയിലെ അപ്പിസ്കോപ്പയും പരിശുദ്ധ സുൻഹാദോസ് സെക്രട്ടറിയുമായ നാല്പത്തിയാറ് വയസ്സ് പ്രായമുള്ള
മാർ ആവ്വ റോയൽ അപ്പിസ്കോപ്പയെ തിരുസഭയുടെ പുതിയ പരിശുദ്ധ കാഥോലിക്ക പാതൃയർക്കീസായി നിശ്ചയിച്ചു.
തിരുസഭയുടെ കാലചക്രമനുസരിച്ച് സെപ്തംബർ പതിമൂന്നിന് സ്ലീവ തിരുന്നാൾ ദിനത്തിൽ മാർ മീലീസ് സയ്യ മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പട്ടാഭിഷേക ശുശ്രൂഷയിൽ തിരുസഭയിലെ മറ്റ് സുൻഹാദോസിൽ പങ്കെടുക്കുന്ന അപ്പിസ്കോപ്പമാരുടെ സഹകാർമ്മികത്വത്തിലും എർബിലിലെ മാർ യോഹന്നാൻ മംദ്ദാന പാതൃയർക്കൽ ഭദ്രാസന ദൈവാലയത്തിൽ വച്ച് തിരുസഭയുടെ പരമോന്നത സിംഹാസനത്തിൽ
മാർ ആവ്വ റോയൽ തിരുമനസിനെ വാഴിച്ചു.